Kerala
കൊച്ചി: ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-26 സാന്പത്തിക വർഷത്തിൽ വരുമാനത്തിലും ഉപഭോക്തൃ വർധനയിലും മികച്ച മുന്നേറ്റം കൈവരിച്ച് റിലയൻസ് ജിയോ കേരളത്തിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി.
ടെലികോം മേഖലയിലെ പ്രധാന വളർച്ചാ സൂചികയായ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) വിഹിതത്തിൽ കേരളത്തിൽ ജിയോ ഒന്നാം സ്ഥാനത്തെത്തി. 2025-26 സാന്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ജിയോയുടെ വിപണി വിഹിതം 32.8 ശതമാനമായി ഉയർന്നു.
ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്നതിലും, ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിലും, വർധിച്ചു വരുന്ന ഉപഭോക്തൃ അടിത്തറയിൽ നിന്ന് കൂടുതൽ വരുമാനം സൃഷ്ടിക്കുന്നതിലും ജിയോ കൈവരിച്ച വിജയത്തിന്റെ പ്രതിഫലനമാണ് ഈ വളർച്ച.
2025-26 സാന്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ജിയോയുടെ എജിആർ 868.16 കോടി രൂപയായി. 2024-25 സാന്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് 796.59 കോടിയായിരുന്നു. ഇതോടെ വാർഷിക അടിസ്ഥാനത്തിൽ 71.57 കോടിയുടെ വർധനയും ഏകദേശം 9 ശതമാനം വളർച്ചയും കന്പനി രേഖപ്പെടുത്തി.
വരിക്കാരുടെ എണ്ണത്തിലും ജിയോ ശക്തമായ മുന്നേറ്റം തുടരുകയാണ്. 2025-26 സാന്പത്തിക വർഷത്തിൽ കേരളത്തിലുടനീളം 5 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ കന്പനി സ്വന്തമാക്കി. ഇതിൽ 3.53 ലക്ഷം മൊബിലിറ്റി ഉപഭോക്താക്കളും 1.51 ലക്ഷം ഹോം ബ്രോഡ്ബാൻഡ് (ഫൈബർ) ഉപഭോക്താക്കളും ഉൾപ്പെടുന്നു. ഈ നേട്ടം ജിയോയുടെ ഉപഭോക്തൃ വിപണി വിഹിതം (സിഎംഎസ്) കൂടുതൽ മെച്ചപ്പെടുത്തുകയും സംസ്ഥാനത്തെ ഏറ്റവും പ്രിയപ്പെട്ട ഡിജിറ്റൽ സേവനദാതാവ് എന്ന സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു.
മൊബൈൽ കണക്റ്റിവിറ്റി, ജിയോ ട്രൂ 5ജി സേവനങ്ങൾ, ഹോം ബ്രോഡ്ബാൻഡ് സേവനങ്ങൾ, വ്യക്തിഗത ഉപഭോക്താക്കളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ ഉൾപ്പെടുന്ന ജിയോയുടെ വിപുലമായ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിന്റെ വർധിച്ചുവരുന്ന ഉപയോഗമാണ് ഈ മികച്ച പ്രകടനത്തിന് പിന്നിൽ.
Business
മുംബൈ: ഓഹരി വിപണിയിൽ കനത്ത തകർച്ച നേരിട്ട് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കന്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ. ആഗോള വിപണിയിലെ തകർച്ചയെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ തുടർച്ചയായ ഒന്പതാം ദിവസമാണ് നഷ്ടത്തിലാകുന്നത്.
ഇന്നലെ ഓഹരി രണ്ട് ശതമാനത്തിലധികം ഇടിഞ്ഞ് ഒരു വർഷത്തെ (52 ആഴ്ച) താഴ്ന്ന നിരക്കായ 1,267 എന്ന നിലവാരത്തിലെത്തി. തുടർച്ചയായ ഒൻപത് ദിവസത്തെ ഈ ഇടിവോടെ, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഈ കന്പനിയുടെ ഓഹരി മൂല്യത്തിൽ 7 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ഇതേത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം മുൻപുണ്ടായിരുന്ന 18.49 ലക്ഷം കോടി രൂപയിൽ നിന്ന് 17.10 ലക്ഷം കോടി രൂപയായി കുറയുകയും, നിക്ഷേപകരുടെ സന്പത്തിൽ 1,29,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു.
ബിഎസ്ഇ സെൻസെക്സിൽ ഈ വർഷം ഇതുവരെ റിലയൻസ് ഓഹരികൾക്ക് 19 ശതമാനത്തോളം ഇടിവ് നേരിട്ടു.
Business
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ദേശീയ ഖജനാവിലേക്ക് നൽകിയ സംഭാവന 2025-26 സാന്പത്തികവർഷത്തിൽ 2,16,472 കോടി രൂപയായി ഉയർന്നു. 2024-25 സാന്പത്തികവർഷത്തിലെ 2,10,269 കോടി രൂപയേക്കാൾ 2.95 ശതമാനം കൂടുതലാണ്.
പൊതുമുതലിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ഇന്ത്യയിലെ വൻകിട കന്പനികളിലൊന്നാണെന്ന സ്ഥാനം റിലയൻസ് ഇതിലൂടെ വീണ്ടും ഉറപ്പിച്ചതായി കന്പനിയുടെ 2025-26ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ സംഭാവനയിൽ സർക്കാരിലേക്ക് അടച്ച നികുതികൾ, ഡ്യൂട്ടികൾ, കരങ്ങൾ, മറ്റ് പേമെന്റുകൾ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ദേശീയ ഖജനാവിലേക്ക് റിലയൻസ് നൽകിയ ആകെ സംഭാവന 15 ലക്ഷം കോടി രൂപയിലധികമാണ്.
2026 സാന്പത്തികവർഷത്തിൽ റിലയൻസ് സൃഷ്ടിച്ച 4,63,448 കോടി രൂപയുടെ ആകെ മൂല്യവർധനയിൽ ഏറ്റവും വലിയ വിഹിതമായ 2,16,472 കോടി രൂപ ലഭിച്ചത് സർക്കാരിനാണ്. ഗ്രൂപ്പ് ഉത്പാദിപ്പിച്ച ആകെ മൂല്യത്തിന്റെ 46.7 ശതമാനം വരും.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ റിലയൻസ് സൃഷ്ടിച്ച ഓരോ 100 രൂപ മൂല്യത്തിൽ 47 രൂപ നികുതി, ഡ്യൂട്ടികൾ മറ്റ് നിയമപരമായ പേമെന്റുകൾ എന്നിവയായി സർക്കാരിലേക്കാണ് പോയത്.
സൃഷ്ടിക്കപ്പെട്ട മൂല്യത്തിന്റെ രണ്ടാമത്തെ വലിയ തുക ബിസിനസിലേക്കുതന്നെ വീണ്ടും നിക്ഷേപിക്കുകയാണ് ചെയ്തത്. ഗ്രൂപ്പിലുടനീളമുള്ള പുനർനിക്ഷേപങ്ങൾക്കായി റിലയൻസ് 1,63,815 കോടി രൂപ ( ആകെ അധിക മൂല്യത്തിന്റെ 35.3%) മാറ്റിവച്ചു. കടം നൽകിയവർക്ക് 43,152 കോടി കോടി രൂപ ലഭിച്ചു.
ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി മാറ്റിവച്ചത് 30,318 കോടി രൂപയാണ്. ആകെ മൂല്യത്തിന്റെ 6.5 ശതമാനമാണിത്. ഓഹരി നിക്ഷേപകർക്കുള്ള വിഹിതം 7443 കോടി രൂപയായിരുന്നു. സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾക്കുള്ള (സിഎസ്ആർ) സംഭാവന 2248 കോടി രൂപയാണ്.
National
ന്യൂഡൽഹി: റിലയൻസ് കമ്യുണിക്കേഷൻസുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ 3,034 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. ചൊവ്വാഴ്ച ആയിരുന്നു ഇഡി നടപടി. കേസിൽ ഇതുവരെ ആകെ 19,344 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.
മുംബൈ ഉഷാ കിരൺ ബിൽഡിംഗിലെ ഫ്ലാറ്റ്, ഖണ്ഡാലയിലെ ഫാം ഹൗസ്, മുദ്ര ഫൗണ്ടേഷൻ ഫോർ കമ്യുണിക്കേഷൻസ് റിസർച്ച് ആൻഡ് എജ്യൂക്കേഷന്റെ പേരിലുള്ള ഭൂമി, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ 7.71 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയത്.
പഞ്ചാബ് നാഷണൽ ബാങ്ക്, എൽഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ സ്ഥാപനങ്ങളുടെ പരാതിയിലായിരുന്നു അനിൽ അംബാനിക്കെതിരേയും റിലയൻസ് കമ്യുണിക്കേഷനെതിരേയും സിബിഐയും ഇഡിയും കേസെടുത്തത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ കേസ്. അതേസമയം കണ്ടുകെട്ടിയ സ്വത്തുക്കളിൽ കുടുംബ സ്വത്തുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇഡി നടപടിയിൽ നിയമാനുസൃതമായി മറുപടി നൽകുമെന്നും റിലയൻസ് ഗ്രൂപ്പ് അറിയിച്ചു.
Business
മുംബൈ: ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2025-26 സാന്പത്തികവർഷത്തിൽ സർവകാല റിക്കാർഡ് നേട്ടം. കന്പനിയുടെ സംയോജിത വാർഷിക വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 9.8% വർധിച്ച് 1,175,919 കോടി രൂപയിലെത്തി.
കന്പനിയുടെ വാർഷിക അറ്റാദായം 95,610 കോടി രൂപയായി. ഇതോടെ വാർഷിക ലാഭം 10 ബില്യണ് ഡോളർ (10.15 ബില്യണ് ഡോളർ) നേടുന്ന ആദ്യ ഇന്ത്യൻ കന്പനിയായി. മുകേഷ് അംബാനി നേതൃത്വം നല്കുന്ന ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ഈ കന്പനിയുടെ നികുതിക്കുശേഷമുള്ള ലാഭത്തിൽ 18.3 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
അതേസമയം പ്രവർത്തനലാഭം 13.4% വളർച്ചയോടെ 207,911 കോടി രൂപയിലെത്തി.ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും 6 രൂപ വീതം ഡിവിഡന്റ് നൽകാൻ കന്പനി ശിപാർശ ചെയ്തു. വിവിധ മേഖലകളിലെ പ്രകടനങ്ങൾ ശ്രദ്ധേയമായി.
ഈ പാദത്തിൽ കന്പനി 16,971 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ലാഭത്തേക്കാൾ 12.6 ശതമാനത്തിന്റെ കുറവാണിത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാർച്ച് പാദത്തിലെ അറ്റാദായം ഡിസംബർ പാദവുമായി താരതമ്യം ചെയ്യുന്പോൾ 8.9 ശതമാനത്തിന്റെ ഇടിവുണ്ടായി. അതേസമയം മാർച്ച് പാദത്തിലെ മൊത്തം വരുമാനം മുൻ വർഷത്തേക്കാൾ 12.9 ശതമാനം വർധിച്ച് 3,25,290 കോടി രൂപയായി.
ജിയോ പ്ലാറ്റ്ഫോംസ് ലാഭം ഉയർന്നു
ഡിജിറ്റൽ സേവനരംഗത്ത് ജിയോ ശക്തമായ കുതിപ്പ് തുടരുകയാണ്. ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 52.4 കോടി പിന്നിട്ടു. ഇതിൽ 26.8 കോടി പേർ ജിയോ ട്രൂ 5ജി ഉപഭോക്താക്കളാണ്.
മാർച്ച് പാദത്തിൽ ജിയോ പ്ലാറ്റ്ഫോംസിന്റെ അറ്റാദായത്തിൽ 13 ശതമാനം വർധനയുണ്ടായതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വ്യക്തമാക്കി. ഇതോടെ കന്പനിയുടെ ലാഭം 7,935 കോടി രൂപയായി ഉയർന്നു.
മുൻവർഷം ഇതേ കാലയളവിൽ കന്പനിയുടെ അറ്റാദായം 7,022 കോടി രൂപയായിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12.5 ശതമാനം വർധിച്ച് 38,259 കോടി രൂപയായി. മുൻവർഷം ഇതേ പാദത്തിൽ ഇത് 33,986 കോടി രൂപയായിരുന്നു.
റിലയൻസ് ജിയോ ഉൾപ്പെടുന്ന ജിയോ പ്ലാറ്റ്ഫോംസിന്റെ ഓരോ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം, മുൻവർഷത്തെ 206.2 രൂപയിൽ നിന്ന് 3.8 ശതമാനം വർധിച്ച് 214 രൂപയായി ഉയർന്നു.
റീട്ടെയ്ൽ സ്റ്റോറുകൾ 20,000 കടന്നു
റീട്ടെയ്ൽ മേഖലയിൽ 3.70 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കന്പനി നേടിയത്. രാജ്യത്തുടനീളമുള്ള റിലയൻസ് റീട്ടെയ്ൽ സ്റ്റോറുകളുടെ എണ്ണം 20,000 കടന്നു.
ഹൈപ്പർ-ലോക്കൽ കൊമേഴ്സ് ഓർഡറുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് നാലിരട്ടി വർധനയുണ്ടായതായി കന്പനി അറിയിച്ചു. ഓയിൽ-ടു-കെമിക്കൽസ് വിഭാഗം 6,62,401 കോടി രൂപയുടെ വരുമാനം നേടി റിക്കാർഡ് ഇട്ടു. ആഭ്യന്തര വിപണിയിലെ മികച്ച വില്പനയും ഇന്ധന വിലയിലെ വർധനയുമാണ് ഈ നേട്ടത്തിനു പിന്നിൽ.
പുതിയ സംരംഭമായ ജിയോഹോട്ട്സ്റ്റാർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ റിക്കാർഡ് കായിക പ്രേമികളെ (72.5 മില്യണ്) തത്സമയം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിക്കാൻ ജിയോഹോട്ട്സ്റ്റാറിന് സാധിച്ചു.
ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ നടപടികളുമായി കന്പനി മുന്നോട്ട് പോകുന്നതായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. കൂടാതെ, നവ ഉൗർജ മേഖലയിലെ ഗിഗാ-ഫാക്ടറികൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കി വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപാരം ഏതാണ്ട് നിലച്ചതോടെ ഉയർന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യൻ കമ്പനികൾ. റിലയന്സ് ഇന്ഡസ്ട്രീസും ഇന്ത്യൻ ഓയിൽ കോർപറേഷനുമാണ് ഏകദേശം മൂന്ന് കോടി ബാരല് റഷ്യൻ എണ്ണ വാങ്ങിയത്.
സ്പോട്ട് മാര്ക്കറ്റില് വിൽപന നടക്കാതിരുന്ന ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്നുകിടന്ന റഷ്യൻ കപ്പലുകളിലുണ്ടായിരുന്ന എണ്ണയാണ് ഇന്ത്യൻ കമ്പനികൾ ഉയർന്ന് വിലയ്ക്ക് വാങ്ങിക്കൂട്ടിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ കമ്പനികളുടെ നീക്കം.
രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 40 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ സൗദി അറേബ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വരവും നിലച്ചിരുന്നു.
ഇതോടെയാണ് വീണ്ടും റഷ്യൻ എണ്ണയിലേക്ക് രാജ്യത്തെ കമ്പനികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമുണ്ടായത്. എന്നാൽ അമേരിക്കൻ നിയന്ത്രണത്തിന് മുൻപ് ലഭിച്ചിരുന്ന വിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് നിലവിൽ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത്.
ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള് ബാരലിന് രണ്ട് മുതല് എട്ട് ഡോളര് വരെ അധിക തുക നല്കിയാണ് ഇന്ത്യ ഇത് വാങ്ങിയത്. യുറല്സ്, ഇഎസ്പിഒ , വരാന്ഡെ തുടങ്ങിയ വിവിധയിനം റഷ്യന് ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം ഒരു കോടി ബാരലും, റിലയന്സ് അത്രതന്നെ അളവിലും റഷ്യൻ എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് യുഎസിലെ ആദ്യത്തെ എണ്ണ ശുദ്ധികരണശാല ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് ചരിത്രപരമായി നിമിഷമാണെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അന്പത് വര്ഷത്തിലാദ്യമായി യുഎസിൽ എണ്ണ ശുദ്ധീകരണ ശാല തുടങ്ങുന്നതില് തനിക്ക് അഭിമാനം ഉണ്ടെന്നും, ടെക്സാസിലെ ബ്രോണ്സ് വില്ലെയില് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്ന്ന് എണ്ണ വില വര്ധിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് ട്രംപ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. എലമെന്റ് ഫ്യൂവല്സ് 2024 ല് പ്രഖ്യാപിച്ച അതേ പദ്ധതിയാണ് ടെക്സാസില് ഇപ്പോള് ആരംഭിക്കുന്നത്. 1,60,000 ബാരല് എണ്ണ ദിവസവും പ്രോസസ് ചെയ്യാന് സാധിക്കുന്ന പ്ലാന്റ് നിര്മിക്കാനുളള അനുമതികള് ലഭിച്ചിട്ടുണ്ടെന്നനും ട്രംപ് പറഞ്ഞു.
ഈ വര്ഷത്തിന്റെ രണ്ടാം പാദത്തില് പ്ലാന്റ് പ്രവര്ത്തനം ആരംഭിക്കുമെന്നും 20 വര്ഷത്തെ കരാര് അടിസ്ഥാനത്തില് എണ്ണ വില്പന നടത്താന് റിലയന്സുമായി ഒപ്പുവച്ചെന്നും ട്രംപ് കൂട്ടിച്ചേര്ത്തു. അതേസമയം, ട്രംപിന്റെ ഔദ്യോഗിക പ്രസ്താവനയോട് ഇതുവരെ റിലയന്സ് പ്രതികരിച്ചിട്ടില്ല.
Business
മുംബൈ: റിലയൻസ് ഇൻഡ്സ്ട്രീസ് ലിമിറ്റഡിന്റെ ഫാസ്റ്റ് മൂവിംഗ് കണ്സ്യൂമർ ഗുഡ്സ് വിഭാഗമായ റിലയൻസ് കണ്സ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് ഓസ്ട്രേലിയയിലെ പാനീയ കന്പനി ഗുഡ്നസ് ഗ്രൂപ്പ് ഗ്ലോബലിന്റെ ഭൂരിഭാഗ ഓഹരികൾ ഏറ്റെടുത്ത് ഓസ്ട്രേലിയൻ ഉപഭോക്തൃ ഉത്പന്ന വിപണിയിൽ പ്രവേശിച്ചു.
ഈ ഏറ്റെടുക്കലിലൂടെ നെക്സ്ബ, പേസ് എന്നിവയുൾപ്പെടെ ഗുഡ്നെസ് ഗ്രൂപ്പിന്റെ ആരോഗ്യദായകമായ പാനീയ ബ്രാൻഡുകളുടെ നിയന്ത്രണം റിലയൻസ് കണ്സ്യൂമർ പ്രോഡക്ട്സിനു ലഭിക്കും. ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ഹൈഡ്രേഷൻ പാനീയമാണ് പേസ്.
ഈ കൂട്ടുകെട്ടിലൂടെ റിലയൻസ് കണ്സ്യൂമർ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് ഗുഡ്നെസ് ഗ്രൂപ്പിന്റെ ഉത്പന്നങ്ങൾ എത്തിക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ നീക്കം കുറഞ്ഞ അളവിൽ പഞ്ചസാര അടങ്ങിയ ഫംഗ്ഷണൽ പാനീയങ്ങൾ, ഹൈഡ്രേഷൻ ഡ്രിങ്കുകൾ തുടങ്ങിയ ആരോഗ്യത്തിന് മുൻഗണന നൽകുന്ന പാനീയ വിപണിയിലേക്കുള്ള റിലയൻസ് കണ്സ്യൂമറിന്റെ ചുവടുവയ്പ്പിനു കരുത്തുപകരുന്നു.
സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുഡ്നെസ് ഗ്രൂപ്പ് ഓസ്ട്രേലിയയിലും ഇരുപതിലധികം അന്താരാഷ്ട്ര വിപണികളിലും ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നു. സസ്യങ്ങളിൽനിന്ന് വേർതിരിച്ചെടുത്ത കലോറി ഇല്ലാത്ത മധുരം ഉപയോഗിച്ച് നിർമിക്കുന്ന ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്ന പാനീയങ്ങളിലാണ് കന്പനിയുടെ മുൻനിര ബ്രാൻഡായ നെക്സബ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
റിലൻസ് കണ്സ്യൂമർ ഇന്ത്യക്കു പുറമെ യുഎഇ, ഖത്തർ, ഒമാൻ, ബഹറിൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചകൊണ്ട് വിപണി വിപുലീകരിക്കുകയാണ്. പാക്കേജ്ഡ് ഫുഡ്സ്, പാനീയ മേഖലയിൽ വലിയൊരു സാന്നിധ്യമാകാൻ ശ്രമിക്കുന്ന റിലയൻസിന് ഓസ്ട്രേലിയൻ കരാർ മറ്റൊരു വിദേശ വിപണി തുറന്നു നല്കിയിരിക്കുകയാണ്.
Business
മുംബൈ: 2025-26 സാന്പത്തിക വർഷത്തിലെ മൂന്നാംപാദ ഫലങ്ങൾ പുറത്തുവിട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. വരുമാനത്തിൽ 10 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഓയിൽ ടു കെമിക്കൽസ്, ജിയോ വിഭാഗങ്ങൾ വളർച്ചയ്ക്ക് കരുത്തേകിയെന്ന് കന്പനി വ്യക്തമാക്കി. 2,93,829 കോടി രൂപയുടെ ഏകീകൃത വരുമാനമാണ് കന്പനി നേടിയത്. നികുതിക്ക് ശേഷമുള്ള ഏകീകൃത അറ്റാദായം 22,290 കോടി രൂപയും.
മൂന്നാം പാദത്തിൽ റിലയൻസ് നടത്തിയ 33,826 കോടി രൂപയുടെ മൂലധനച്ചെലവ്, തങ്ങളുടെ 41,303 കോടി രൂപയുടെ കാഷ് പ്രോഫിറ്റിലൂടെ തന്നെ കണ്ടെത്താൻ സാധിച്ചു. സെപ്റ്റംബർ പാദത്തിൽ 118,545 കോടി രൂപയായിരുന്ന അറ്റകടം ഡിസംബർ അവസാനത്തോടെ 117,102 കോടി രൂപയായി കുറഞ്ഞു.
കുതിപ്പേകി ജിയോ, റീട്ടെയിൽ
മൂലധന നിക്ഷേപങ്ങളെ വരുമാനമാക്കി മാറ്റുന്നതിൽ ജിയോ പ്ലാറ്റ്ഫോംസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 5ജി സേവനങ്ങളുടെ വ്യാപനവും വർധിച്ചുവരുന്ന വരിക്കാരുടെ എണ്ണവും ജിയോയുടെ ലാഭക്ഷമത വർധിപ്പിച്ചു.
ഡിജിറ്റൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം 12.7% വളർച്ചയോടെ 43,683 കോടി രൂപയിലെത്തി. മൂന്നാം പാദത്തിൽ മാത്രം 8.9 ദശലക്ഷം പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കി. ഇതോടെ ട്രൂ 5ജി ഉപയോഗിക്കുന്നവരുടെ എണ്ണം 25.3 കോടിയായി. ജിയോ എയർഫൈബർ വരിക്കാരുടെ എണ്ണം 1.15 കോടി പിന്നിട്ടു.
റിലയൻസ് റീട്ടെയിലിന്റെ വരുമാനത്തിൽ 8.1% വളർച്ചയുമായി 97,605 കോടി രൂപയിലെത്തി.
Business
മുംബൈ: ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന വിപണിയായ പെറ്റ് കെയർ രംഗത്തേക്ക് ചുവടുവച്ച് റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധസ്ഥാപനമായ റിലയൻസ് കണ്സ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് പെറ്റ് ഫുഡ് രംഗത്തുള്ള സാധ്യതകൾ തിരിച്ചറിഞ്ഞാണ് റിലയൻസ് വാഗീസ് എന്ന ബ്രാൻഡുമായി എത്തുന്നു. വില കുറച്ച് വിപണി പിടിക്കുന്ന പതിവുനീക്കവുമായാണ് റിലയൻസ് വീണ്ടുമെത്തുന്നത്. ഉയർന്ന ഗുണമേന്മയുള്ളതും ശാസ്ത്രീയമായി രൂപപ്പെടുത്തിയതുമായ പോഷകാഹാര സന്പൂർണമായ വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയെന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം.
നെസ്ലെ, മാർസ്, ഗോദറെജ് കണ്സ്യൂമർ പ്രൊഡക്ട്സ്, ഇമാമി എന്നീ വന്പന്മാർ നിറഞ്ഞ പെറ്റ് കെയർ വിപണിയിൽ 20 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് റിലയൻസ് വാഗീസ് അവതരിപ്പിക്കുന്നത്.
കന്പകോളയിൽ ചെയ്ത തന്ത്രം തന്നെയാണ് റിലയൻസ് പെറ്റ് ഫുഡ് വിപണിയിലും അവതരിപ്പിക്കുന്നത്. കന്പകോള റീലോഞ്ച് ചെയ്തപ്പോഴും എതിരാളികളേക്കാൾ വലിയ വിലക്കുറവിലാണ് റിലയൻസ് കോള വിപണിയിലെത്തിച്ചത്. പെപ്സിയും കൊക്കകോളയും അടക്കിവാഴുന്ന കോളവിപണിയിൽ തങ്ങളുടേതായ സാന്നിധ്യം ഉറപ്പിക്കാൻ ഇതുവഴി കന്പനിക്ക് സാധിച്ചിരുന്നു.
വാഗീസ് പോർട്ട്ഫോളിയോയിൽ ഒൗഷധസസ്യങ്ങൾ, മസ്തിഷ്ക വികാസത്തിനായുള്ള ഡിഎച്ച്എ, അവശ്യ വിറ്റാമിനുകൾ, മൊത്തത്തിലുള്ള ആരോഗ്യവും ഉൗർജവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതും എളുപ്പത്തിൽ ദഹിക്കുന്ന തുമായ ചേരുവകൾ എന്നിവയാൽ സന്പന്നമായ ഉത്പന്നങ്ങൾ ഉൾപ്പെടുന്നു.
കൂടുതൽ ആളുകളിലേക്ക് എത്താൻ സാധിക്കുന്ന വിലയിലാണ് നിശ്ചയിച്ചിരിക്കുന്നത്. കിലോയ്ക്ക് 199 രൂപയിലാണ് വാഗീസ് ശ്രേണിയുടെ വില ആരംഭിക്കുന്നത്. ഉത്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് വളർത്തുമൃഗങ്ങളുടെ ഉടമകൾക്കു സാധിക്കുന്നതിനായി 100 ഗ്രാമിന്റെ പാക്കറ്റ് 20 രൂപയ്ക്കും വിപണിയിലെത്തിക്കുന്നുണ്ട്. പ്രീമിയം ഉത്പന്നമായ വാഗീസ് പ്രോ 249 രൂപ മുതലാണ് ആരംഭിക്കുന്നത്.
ഇന്ത്യയിലെ പെറ്റ് ഫുഡ് വിപണി
ഇന്ത്യയിലെ വളർത്തുമൃഗങ്ങളുടെ പരിചരണവിപണി അതിവേഗം വികസിക്കുന്ന വേളയിലാണ് വാഗീസ് റിലയൻസ് പുറത്തിറക്കുന്നത്. അരുമ വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നവരുടെ എണ്ണം വർധിക്കുന്നതും വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും കൂടുതൽ പ്രധാന്യം നൽകുന്നതുമാണ് ഈ വിപണിയുടെ വളർച്ചയ്ക്കു കാരണം.
പെറ്റ് കെയർ മാർക്കറ്റ് കോവിഡിനുശേഷം വലിയതോതിൽ വളർന്നിട്ടുണ്ട്. 3.5 ബില്യണ് ഡോളർ വരുന്നതാണ് നിലവിൽ ഈ വിപണി. 2028ഓടെ 7-7.5 ബില്യണ് ഡോളറിലേക്ക് വിപണി വളരുമെന്നാണ് കരുതുന്നത്. അരുമ വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.
2019ൽ ഇന്ത്യൻ വീടുകളിലുണ്ടായിരുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 2.6 കോടിയായിരുന്നെങ്കിൽ 2024ൽ അവയുടെ എണ്ണം 3.2 കോടിയായിട്ടുണ്ടെന്നാണ് കണക്ക്.
Business
2008ല് ഫോര്ബ്സ് പട്ടികയില് 43 ബില്യണ് ഡോളര് സമ്പത്തുമായി മുകേഷ് അംബാനി ലോകസമ്പന്നരില് അഞ്ചാമന്. തൊട്ടുപുറകില് 42 ബില്യണ് ഡോളറുമായി അനുജൻ അനില് അംബാനി ആറാം സ്ഥാനത്ത്. 2025ല് 92.5 ബില്യണ് ഡോളര് സമ്പത്തുമായി മുകേഷ് ലോകസമ്പന്നരില് 18-ാമത്. അനില് പട്ടികയ്ക്കു പുറത്ത്.
അധികാരത്തർക്കം
ധീരുഭായ് അംബാനി കെട്ടിപ്പടുത്ത റിലയന്സ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ചെങ്കോല് മക്കള്ക്കു കൈമാറിയപ്പോള് മാറിയത് റിലയന്സിന്റെ ചരിത്രം തന്നെയാണ്. മുകേഷിന്റെയും അനില് അംബാനിയുടെയും പിതാവായ ധീരുഭായ് അംബാനി 2002ല് വില്പത്രം തയാറാക്കാതെ മരിച്ചപ്പോള്, മുകേഷിനെ ചെയര്മാനും അനിലിനെ മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു.
28,000 കോടി രൂപയായിരുന്നു റിലയന്സ് കമ്പനിയുടെ അന്നത്തെ മൂല്യം. രണ്ടു സഹോദരങ്ങളും ഒന്നിച്ചുനീങ്ങുമെന്നു തോന്നി. എന്നാല്, അംബാനി സഹോദരങ്ങള്ക്കിടയില് അധികാര തര്ക്കമുണ്ടെന്ന വാര്ത്ത പുറത്തുവരാന് അധിക സമയംവേണ്ടിവന്നില്ല.
വിഭജനം
ഇരുവരും തമ്മിലുള്ള തര്ക്കം മുറുകിയതോടെ അമ്മ കോകിലബെന് മുന്നോട്ടിറങ്ങി. ഭര്ത്താവ് ധീരുഭായ് അംബാനി സ്ഥാപിച്ച റിലയന്സ് സാമ്രാജ്യം രണ്ടായി വിഭജിക്കുകയേ മാര്ഗമുള്ളൂവെന്ന് മനസിലാക്കി. 2005 ല് കമ്പനി രണ്ടായി വിഭജിക്കപ്പെട്ടു.
മുകേഷിന്റെ നേതൃത്വത്തിലുള്ള റിലയന്സ് ഇന്ഡസ്ട്രീസ് ലിമിറ്റഡും അനില് നയിക്കുന്ന റിലയന്സ് അനില് ധീരുഭായ് അംബാനി ഗ്രൂപ്പും പിറവിയെടുത്തു. അനില് ടെലികോം, വൈദ്യുതി ഉല്പാദനം, ധനകാര്യ സേവന ബിസിനസുകള് ഏറ്റെടുത്തപ്പോള്, മുകേഷ് എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്സ് ബിസിനസുകള് നിലനിര്ത്തി. 2010 വരെ അവര് ബിസിനസില് പരസ്പരം മത്സരിക്കില്ലെന്ന കരാറിലും ഒപ്പുവച്ചു.
റിലയന്സ് കമ്മ്യൂണിക്കേഷന്സ്, റിലയന്സ് പവര്, റിലയന്സ് ക്യാപിറ്റല്, റിലയന്സ് ഇന്ഫ്രാസ്ട്രക്ചര്, റിലയന്സ് നേവല്, റിലയന്സ് ഹോം ഫിനാന്സ് എന്നിവയാണ് അനില് അംബാനിയുടെ റിലയന്സ് ഗ്രൂപ്പ് നടത്തുന്ന ബിസിനസുകള്. 2008ല് അദ്ദേഹം റിലയന്സ് പവര് ഐപിഒ (ഇനിഷ്യല് പബ്ലിക് ഓഫറിംഗ്) ആരംഭിച്ചു.
നിക്ഷേപകരില്നിന്നു വന് താത്പര്യം നേടിയതോടെ ഈ ഐപിഒ ഒരു മിനിറ്റിനുള്ളില് സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഇന്ത്യന് മൂലധന വിപണിയിലെ ഏറ്റവും വേഗമേറിയ സബ്സ്ക്രിപ്ഷന് അതായിരുന്നു. ഇതിലൂടെ 11,563 കോടി രൂപ സമാഹരിച്ചു. ഐപിഒയുടെ ആവേശത്തില്, അനിലിന്റെ ആസ്തി ഏകദേശം 42 ബില്യണ് ഡോളറായി ഉയര്ന്നു, അദ്ദേഹം ലോകത്തിലെ ആറാമത്തെ ധനികനായ വ്യക്തിയായി.
ആദ്യ അടി
മുകേഷിന്റെ റിലയന്സ് ഇന്ഡസ്ട്രീസായിരുന്നു, കൃഷ്ണ ഗോദാവരി തടത്തിലെ പ്രകൃതിവാതകം കുഴിച്ചെടുത്തിരുന്നത്. മുഖ്യ ഉപഭോക്താവ് അനിലിന്റെ റിലയന്സ് നാച്ചുറല് റിസോഴ്സും. അവര് തമ്മിലുള്ള വിഭജന കരാറില് പറഞ്ഞ പകുതി വിലയ്ക്കു പകരം കേന്ദ്ര സര്ക്കാര് നിശ്ചയിച്ച ഉയര്ന്ന വിലക്കേ നല്കൂവെന്ന് മുകേഷ് നിലപാടെടുത്തു.
സുപ്രീംകോടതിയില്നിന്നു അനുകൂല വിധിയും നേടി. ഇതോടെ കുറഞ്ഞ പ്രകൃതി വാതക വില മുന്നില്ക്കണ്ട് തുടങ്ങിയ റിലയന്സ് പവറിന്റെ (റിലയന്സ് ഇന്ഫ്രാസ്ട്രക്ച്ചറിന്റെ ഉപ കമ്പനി) വൈദ്യുത പദ്ധതികളും ഇതിനായെടുത്ത വായ്പകളുടെ തിരിച്ചടവും പ്രശ്നത്തിലായി. ഇതായിരുന്നു അനിലിനേറ്റ ആദ്യ തിരിച്ചടി
റിലയന്സ് കമ്യൂണിക്കേഷന്റെ പതനം
അനില് ഏറ്റെടുത്ത ഏറ്റവും പ്രതീക്ഷ നല്കുന്ന ബിസിനസായിരുന്നു റിലയന്സ് കമ്യൂണിക്കേഷന്സ് അഥവാ ആര്കോം.2002-ല് റിലയന്സ് ഇന്ഫോകോം എന്ന പേരില് ആര്കോം ആരംഭിച്ചപ്പോള്, അന്ന് വളര്ന്നുവരുന്ന ഒരു സാങ്കേതികവിദ്യയായിരുന്ന സിഡിഎംഎ (കോഡ് ഡിവിഷന് മള്ട്ടിപ്പിള് ആക്സസ്) പ്ലാറ്റ്ഫോമാണ് അവര് തെരഞ്ഞെടുത്തത്. എയര്ടെല്, ഹച്ച് തുടങ്ങിയ എതിരാളികള് ജിഎസ്എം (ഗ്ലോബല് സിസ്റ്റം ഫോര് മൊബൈല് കമ്യൂണിക്കേഷന്) ഉപയോഗിച്ചിരുന്നു.
ടെലികോം വ്യവസായം വളര്ന്നപ്പോള്, ആര്കോമിന്റെ സിഡിഎംഎ റിലയന്സിനു പ്രതികൂലമായി. അവ 2ജി, 3ജി എന്നിവയെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. 4ജി വന്നതോടെ നഷ്ടം പൂര്ണമായി.റിലയന്സ് കമ്യൂണിക്കേഷന്സ് ഉപയോഗിച്ചിരുന്ന സിഡിഎംഎ സാങ്കേതികവിദ്യ 4 ജിക്കു യോജിക്കാത്തതായിരുന്നു. ഇരുവരും തമ്മില് മത്സരമൊഴിവാക്കുന്ന കരാര് രണ്ടു ഗ്രൂപ്പും റദ്ദുചെയ്തു.
മുകേഷിന്റെ വരവ്
2010ല് നോണ്-കോമ്പീറ്റ് ക്ലോസ് അവസാനിച്ചതിനുശേഷം, അനില് പ്രതിസന്ധി ഘട്ടത്തില് നില്ക്കുമ്പോള് 2016ല് മുകേഷ് ഇന്ഫോടെല് ബ്രോഡ്ബാന്ഡ് വാങ്ങി ടെലികോ വ്യവസായത്തിലേക്കു കടന്നു. വളരെ കുറഞ്ഞ വിലയ്ക്ക് ഫോണും സേവനവും നല്കിയ മുകേഷിന്റെ തന്ത്രം എല്ലാ ടെലികോം കമ്പനികളേയും പ്രതിസന്ധിയിലാക്കി.
സ്പെക്ട്രത്തിനും സേവന ശൃംഖല വിപുലമാക്കാനും വന്തോതില് കടമെടുത്തിരുന്ന റിലയന്സ് കമ്യൂണിക്കേഷന്സ് ഇതോടെ തകര്ന്നടിഞ്ഞു. 2016ല്, റിലയന്സ് ജിയോ ഇന്ഫോകോം ആരംഭിച്ചുകൊണ്ട് മുകേഷ് ടെലികോ വ്യവസായത്തില് കൊടുങ്കാറ്റായി മാറി, ഇത് ആര്കോമിന് മാത്രമല്ല, മുഴുവന് ടെലികോം വ്യവസായത്തിനും ഭീഷണി ഉയര്ത്തി.
അങ്ങനെ മുകേഷ് ഇതോടെ അനിലിന്റെ സമ്പത്ത് 2008 ലെ 42 ബില്യണില്നിന്ന് 2011ല് 8.8 ബില്യണിലേക്കു കൂപ്പു കുത്തി. മൂന്നു വര്ഷംകൊണ്ട് 80 ശതമാനം ഇടിവ്. പെരുകുന്ന നഷ്ടങ്ങള്ക്കും കടബാധ്യതകള്ക്കും ഇടയില്, ആര്കോം 2017 ല് അതിന്റെ വയര്ലെസ് പ്രവര്ത്തനങ്ങള് അടച്ചുപൂട്ടി. പിന്നീട് അനില് മറ്റ് ബിസിനസുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു.
ആസ്തികള് വില്ക്കുന്നതിനും കടം വീട്ടുന്നതിനുമുള്ള കട പരിഹാര പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. 2019ല് ആര്കോം കടം തിരിച്ചടയ്ക്കാന് ആസ്തികള് വില്ക്കാന് കഴിയാത്തതിനാല് പാപ്പരത്തത്തിന് അപേക്ഷ നല്കി.
നഷ്ടം തീര്ക്കാന് വിൽപ്പന
2014ല് റിലയന്സ് എന്റര്ടൈന്മെന്റ് ബിഗ് സിനിമാസ് തിയേറ്റര് ശൃംഖല വിറ്റു. 2018ല് മുംബൈയിലെ വൈദ്യുതി വിതരണ ബിസിനസ് റിലയന്സ് ഇന്ഫ്രാസ്ട്രക്ച്ചര്, അദാനി ട്രാന്സ്മിഷന് 18800 കോടി രൂപയ്ക്ക് വിറ്റു. ഭൂമി ഏറ്റെടുക്കല്, ഇന്ധനലഭ്യത പ്രശ്നങ്ങള് കാരണം 2014ല് ദാദ്രി വൈദ്യുത പദ്ധതിയില്നിന്നും റിലയന്സ് എനര്ജി പിന്വാങ്ങി.
2018ല് റിലയന്സ് കമ്മ്യൂണിക്കേഷന്സ് അവരുടെ സ്പെക്ട്രം 18000 കോടിക്ക് ജിയോയ്ക്കു വില്ക്കാന് ധാരണയായെങ്കിലും സ്പെക്ട്രം വാങ്ങുന്നയാള് കുടിശിക കൂടി അടക്കണമെന്ന് ടെലികോം വകുപ്പ് നിബന്ധന മൂലം ഇതും മുടങ്ങി.
പ്രതിസന്ധിയുടെ ഘോഷയാത്ര
ഇങ്ങനെ ഒന്നിനുപിറകെ ഒന്നായി അനില് ഗ്രൂപ്പ് കമ്പനികള് പ്രതിസന്ധി നേരിട്ടു. വായ്പാ തിരിച്ചടവ് മുടങ്ങി, പാപ്പരാത്തനടപടികളിലേക്കു നീങ്ങി. ഇതിനിടയിലും റിലയന്സ് ക്യാപിറ്റല് നല്ല രീതിയില് പ്രവര്ത്തിച്ചിരുന്നു. റിലയന്സ് മ്യുച്വല് ഫണ്ട്, റിലയന്സ് ജനറല് ഇന്ഷുറന്സ്, റിലയന്സ് ലൈഫ് ഇന്ഷ്വറന്സ് എന്നീ മുന്നിര സ്ഥാപനങ്ങളും റിലയന്സ് ഹോം ഫിനാന്സ്, റിലയന്സ് കൊമേര്ഷ്യല് ഫിനാന്സ് എന്നിവയും റിലയന്സ് ക്യാപ്പിറ്റലിനു കീഴിലായിരുന്നു.
കടബാധ്യത തീര്ക്കാന് ഇന്ത്യയിലെതന്നെ മികച്ച മ്യൂച്വല് ഫണ്ടുകളിലൊന്നായ റിലയന്സ് മ്യുച്വല് ഫണ്ടും വില്ക്കാന് അനില് നിര്ന്ധിതനായി. പക്ഷേ, സെബി നിയന്ത്രണത്തിലുള്ള മ്യുച്വല് ഫണ്ടിലെ നിക്ഷേപവും ലാഭവും യൂണിറ്റ് ഉടമകള്ക്കുള്ളതാണ്. അതു വക മാറ്റാന് സാധ്യമല്ല.
സ്വന്തം കമ്പനികളുടെ ഓഹരികള് അനില് പണയം വച്ച് കടമെടുത്തിരുന്നു. 2019ല് കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞപ്പോള് ഇവയുടെ ഈടില് വായ്പ കൊടുത്ത കമ്പനികള് പണയപ്പെടുത്തിയ ഓഹരികള് വില്ക്കാന് തുടങ്ങി. ഇതു വിലത്തകര്ച്ച കൂട്ടി. മാത്രമല്ല ഇതോടെ പ്രമോട്ടറായ അനിലിന്റെ ഭൂരിപക്ഷ വിഹിതം വന്തോതില് കുറഞ്ഞു.
തുടരുന്ന കോടതി നടപടികള്
2019ല് ആര്കോമിനെതിരേ എറിക്സണ് സമര്പ്പിച്ച മൂന്ന് ഹര്ജികള് നാഷണല് കമ്പനി ലോ ട്രൈബ്യൂണല് (എന്സിഎല്ടി) അംഗീകരിച്ചു. ആ സമയത്ത്, ആര്കോം 1,100 കോടിയിലധികം രൂപ കുടിശിക വരുത്തിയിട്ടുണ്ടെന്ന് എറിക്സണ് അവകാശപ്പെട്ടു.
എറിക്സണിനുള്ള കുടിശിക അടയ്ക്കാത്തതിന്റെ പേരില് സുപ്രീം കോടതി അനില് അനിലിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഒരു മാസത്തിനുള്ളില് എറിക്സണ് 453 കോടി രൂപ നാലാഴ്ചക്കുള്ളില് കൊടുക്കാന് നിര്ദേശിച്ചു, ഇല്ലെങ്കില് ജയില് ശിക്ഷയും. ഈ പണം കൊടുത്ത് അനുജനെ രക്ഷിച്ചത് മുകേഷായിരുന്നു.
ആസ്തികള് വട്ടപൂജ്യം
റിലയന്സ് കമ്യൂണിക്കേഷൻ മൂന്നു ചൈനീസ് ബാങ്കുകള് നല്കിയ വായ്പ മുടക്കം വരുത്തിയ കേസിന്റെ വിചരാണ യുകെ കോടതിയിലായിരുന്നു. 700 മില്യണ് ഡോളറിലധികമാണ് ഈ ബാങ്കുള് വായ്പയായി നല്കിയത്.
2020 മേയില് യുകെ കോടതി അനിലിനോട് ജൂണ് 12നോ അതിനു മുമ്പോ കോടതി ചെലവുകള് ഉള്പ്പെടെ 7.17 മില്യണ് ഡോളര് ബാങ്കുകള്ക്കു തിരിച്ചടയ്ക്കാന് നിര്ദേശം നല്കി. സെപ്റ്റംബറില് 25 കോടതിയിലെത്തിയ അനില് അംബാനി തന്റെ ആസ്തികള് വട്ടപൂജ്യമാണെന്നു കോടതിയില് വ്യക്തമാക്കി.
സെബിയുടെ വിലക്ക്
കമ്പനിയിലെ പണം വഴിതിരിച്ചുവിട്ടതിന് 2024ല് സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ) അനില് അംബാനിക്ക് ഓഹരി വിപണിയില്നിന്ന് അഞ്ചു വര്ഷത്തെ വിലക്കേര്പ്പെടുത്തി. 25 കോടി രൂപ പിഴയും ചുമത്തി.
റിലയന്സ് ഹോം ഫിനാന്സിലെ ഫണ്ട് വഴിതിരിച്ചുവിട്ടതിന് ആ സ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്ക്കും 24 സ്ഥാപനങ്ങള്ക്കും വിലക്കും പിഴയും ചുമത്തി. റിലയന് ഹോം ഫിനാന്സിലെ ഉയര്ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിയെടുക്കാന് അനില് അംബാനി ആസൂത്രണം ചെയ്തതായി കണ്ടെത്തിയതിനെത്തുടര്ന്നായിരുന്നു നടപടി.
സുപ്രീം കോടതിയുടെ വിധി
2024ല് അടുത്ത തിരിച്ചടിയുമേറ്റു. റിലയന്സ് ഇന്ഫ്രാസ്ട്രക്ചറിന്റെ മെട്രോ വിഭാഗമായ ഡല്ഹി എയര്പോര്ട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡും (ഡിഎഎഇപിഎല്) ഡല്ഹി മെട്രോ കോര്പറേഷനും (ഡിഎംആര്സി) തമ്മിലുള്ള തകര്ത്തില് ആര്ബിട്രേഷന് ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീകോടതി അസാധുവാക്കി.
ആര്ബിട്രേഷന് തുകയായി ഡിഎഎഇപിഎല്ലിന് ലഭിക്കാനിരുന്ന 8000 കോടി രൂപ ഡിഎംആര്സി നല്കേണ്ടതില്ലെന്നാണ് വിധി വന്നത്. മാത്രമല്ല ഡിഎംആര്സി നല്കിയ 3,300 കോടി രൂപ അനിലിന്റെ കമ്പനി തിരികെ നൽകാനും കോടതി ഉത്തവിട്ടു.
തട്ടിപ്പായി പ്രഖ്യാപിച്ച് എസ്ബിഐ
അനില് അംബാനി പ്രൊമോട്ടര് ഡയറക്ടറായിരുന്ന റിലയന്സ് കമ്യൂണിക്കേഷന്റെ ലോണ് അക്കൗണ്ടുകള് ഈ വര്ഷം ജൂലൈയില് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തട്ടിപ്പ് വിഭാഗത്തില്പ്പെടുത്തി. ഇതിനുപിന്നാലെ ഈ നടപടി ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ചു. ഇതിനിടെ ആര്കോമിന് തട്ടിപ്പ് വിഭാഗത്തില്നിന്നു കനറാ ബാങ്ക് ഒഴിവാക്കിയ നടപടി മുന് ഡയറക്ടറായിരുന്ന അനിലിന് ആശ്വാസമായി.
ആര്കോം നിലവില് പാപ്പരത്ത നടപടികളിലൂടെ കടന്നുപോകുകയാണ്. അനില് അംബാനിയുടെ പല കമ്പനികളും തിരിച്ചടികളിലൂടെ പോകുമ്പോഴും ഈ വര്ഷം റിലയന്സ് ഇന്ഫ്രായും റിലയന്സ് പവറും ലാഭത്തിലേക്കുവരുന്ന പ്രകടനം നടത്തി. ഇതോടെ അനില് അംബാനി ഇതിന്റെ സഹസ്ഥാപനമായ റിലയന്സ് ഡിഫന്സിന് പല വിദേശ കമ്പനികളില്നിന്ന് ആയുധങ്ങളും നിര്മിക്കാനും വിതരണം ചെയ്യാനുമുള്ള കരാറുകള് ലഭിച്ചു.
സ്വത്ത് കണ്ടുകെട്ടി
വായ്പ തട്ടിപ്പ് കേസില് അനില് അംബാനിയുടെ 7500 കോടി രൂപയുടെ സ്വത്തുക്കള് എന്ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി എന്നതാണ് ഏറ്റവുമൊടുവിലത്തെ സംഭവം.
Business
കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേർന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു. റിലയൻസിന്റെ ’എഐ എല്ലാവർക്കും’ എന്ന കാഴ്ചപ്പാടാണ് ഈ പങ്കാളിത്തം ലക്ഷ്യമാക്കുന്നത്.
രാജ്യത്ത് റിലയൻസിന്റെ വൻതോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനങ്ങളിലേക്ക് എത്തിക്കുകയും ഇന്ത്യയുടെ എഐ സൂപ്പർ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റൽ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ഗൂഗിൾ, റിലയൻസ് ഇന്റലിജൻസുമായി ചേർന്ന്, ഗൂഗിൾ ജെമിനി യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ ഗൂഗിൾ എഐ പ്രോ പ്ലാൻ തെരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് സൗജന്യമായി നൽകും. 18 മാസത്തെ ഈ സൗജന്യ ഓഫറിന് 35,100 രൂപയാണ് ചെലവാകുന്നത്. ഇതാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നത്.
Business
മുംബൈ: ഹരിതോർജത്തിന് വേണ്ടി ലോകത്തിലെ ഏറ്റവും വലിയ നിർമാണ ആവാസവ്യവസ്ഥകളിലൊന്നിന് രൂപം നൽകാനൊരുങ്ങുകയാണ് തങ്ങളെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി.
സോളാർ, ബാറ്ററികൾ, ഹൈഡ്രജൻ, ബയോ എനർജി എന്നിവയെല്ലാം ഉൾപ്പെടുന്ന പദ്ധതി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഭൂമിയുടെ രക്ഷയ്ക്കുമായി കന്പനി മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയുടെ വ്യവസായങ്ങൾ കെട്ടിപ്പടുക്കാനാണ് റിലയൻസിന്റെ ശ്രമം.
ആദ്യം പോളിസ്റ്ററും പിന്നീട് 4ജിയും നിർമിച്ചത് ഇതേ നയത്തിന്റെ ഭാഗമായിട്ടായിരുന്നു. ജിയോ നടപ്പാക്കിയത് വളരെയേറെ റിസ്ക് എടുത്താണ്. 2027ൽ 50 വർഷം പൂർത്തിയാക്കുന്ന റിലയൻസ് 100 വർഷങ്ങൾ കഴിഞ്ഞാലും രാജ്യത്തെ സേവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അംബാനി കൂട്ടിച്ചേർത്തു.